കാമുകിയെ കൂടി വീട്ടിൽ താമസിപ്പിക്കണമെന്ന് യുവാവ്; ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി യുവതി

ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി യുവതി. ഇറ്റലിയിലാണ് സംഭവം. ബംഗ്ലാദേശി യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. കാമുകിയെ വീട്ടിൽ താമസിപ്പിക്കാൻ ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ മുറിച്ചുമാറ്റിയ അവയവം ഐസിൽ സൂക്ഷിച്ച നിലയിൽ ഭാര്യ ആശുപത്രിയിലെത്തിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ, ജനനേന്ദ്രിയം വീണ്ടും ശരീരവുമായി ബന്ധിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പത്ത് ദിവസം മുൻപ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നാരോപിച്ച് യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ആശുപത്രി കിടക്കയിൽ കഴിയുന്ന തന്റെ ദൃശ്യങ്ങളും മെഡിക്കൽ ബാഗിൽ സൂക്ഷിച്ചിരുന്ന അവയവത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനെതിരെയാണ് യുവാവിന്റെ പരാതി. അഭിഭാഷകരായ ഏഞ്ചലോയും സെർജിയോയും മുഖേന നൽകിയ ഹർജിയിൽ, ചിത്രങ്ങൾ പുറത്തുവിട്ടവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
41കാരനായ യുവാവ് ഭാര്യയോടൊപ്പം ഇറ്റലിയിലെ ആൻഗ്രി നഗരത്തിലായിരുന്നു താമസം. ഉച്ചയുറക്കത്തിനിടെ 35കാരിയായ ഭാര്യ കറിക്കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ കാരബിനിയേരി പൊലീസ് ഭാര്യയെ കൊലപാതകശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ആക്രമണത്തിന് മുൻപ് യുവാവിന് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്.



