ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം…കേരളത്തിൽ വേനൽമഴ ശക്തമാകും…

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വേനൽമഴ കൂടുതൽ സജീവമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദവും അറബിക്കടലിലെ ചക്രവാതചുഴിയും സംസ്ഥാനത്ത് മഴയുടെ ശക്തി വർധിപ്പിക്കുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.

വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ മറ്റൊരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു.

അതേസമയം തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയിൽ നിന്ന് തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു.

ഈ സാഹചര്യത്തിൽ മെയ് 14, 15 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

1

Related Articles

Back to top button