‘ഭരണപരാജയം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നു’…. പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ കഴിവുകേടിന്റെ തെളിവാണ്. ഭരണപരമായ പരാജയങ്ങളുടെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് പശ്ചിമേഷ്യൻ സംഘർഷം (പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ) മൂലമുള്ള ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി ചില നിയന്ത്രണങ്ങൾ നിർദ്ദേശിച്ചത്. പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. കാർപൂളിംഗും പൊതുഗതാഗതവും (മെട്രോ അടക്കം) പ്രോത്സാഹിപ്പിക്കണം. ഇറക്കുമതി ചെലവ് കുറയ്ക്കാൻ ഭക്ഷ്യ എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ പോലെ ഐടി മേഖലയിലടക്കം ‘വർക്ക് ഫ്രം ഹോം’ സംവിധാനം വീണ്ടും നടപ്പിലാക്കണം. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കണം.

ജനങ്ങൾ എന്ത് വാങ്ങണം, എവിടെ പോകണം എന്നൊക്കെ ഉപദേശിക്കുന്നത് സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “ജനങ്ങളെ ബോധവൽക്കരിക്കാനല്ല, മറിച്ച് തന്റെ പരാജയങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്” – അദ്ദേഹം പരിഹസിച്ചു. അതേസമയം, രാജ്യത്ത് ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാരും ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ജനങ്ങൾ സ്വമേധയാ ഏറ്റെടുക്കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പ്രത്യേക ബോധവൽക്കരണ നടപടികളുമായി മുന്നോട്ട് പോകും.

Related Articles

Back to top button