തമിഴ്നാട്ടിൽ ഇന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ; ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ

തമിഴ്നാട് നിയമസഭയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രോടേം സ്പീക്കർ കറുപ്പയ്യ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തെരഞ്ഞെടുപ്പ് നാളെ നടത്താനാണ് തീരുമാനം. അതേസമയം, ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്ന നിർദേശം ഗവർണർ നൽകിയിട്ടുണ്ട്.
പാർട്ടി അധ്യക്ഷൻ വിജയ് ഉൾപ്പെടെ ഈ തെരഞ്ഞെടുപ്പിൽ വിജയിച്ച ടിവികെയുടെ 99 നിയുക്ത എംഎൽഎമാരും ആദ്യമായാണ് നിയമസഭയിലെത്തുന്നത്. മറുവശത്ത്, എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള നിരവധി മുതിർന്ന ഡിഎംകെ നേതാക്കൾ പരാജയപ്പെട്ട തെരഞ്ഞെടുപ്പിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.
ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്ദേമാതരം ആലപിച്ചതിനെച്ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിൽ, ഇന്ന് സമ്മേളനം തമിഴ് തായ് വാഴ്ത്തോടെയായിരിക്കുമോ ആരംഭിക്കുക എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം കൊച്ചിയിലും ആഘോഷിച്ച് വിജയ് ഫാൻസ് അസോസിയേഷൻ. കേക്ക് മുറിച്ചും പതാക ഉയർത്തിയും ടിവികെയുടെ ചിഹ്നമായ വിസിൽ അടിച്ചും പ്രവർത്തകർ ആഘോഷം പങ്കുവെച്ചു. മട്ടാഞ്ചേരി കൂവപ്പാടം ഗാന്ധി കവലയിലായിരുന്നു ആഘോഷ പരിപാടികൾ. മുസ്ലിം ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ ടി കെ അഷറഫ് കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മധുരപലഹാര വിതരണവും നടത്തി.



