വർക്കലയിൽ വയോധികയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ… കേസെടുത്ത് പൊലീസ്…

തിരുവനന്തപുരം വർക്കലയിൽ വയോധികയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ. വർക്കല പാളയംകുന്ന് വീട്ടിൽ ഇന്ദിരയമ്മയെയാണ് മകളും,ചെറുമകളും, ചെറുമകളുടെ ഭർത്താവും ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയത് . ചെറുമകൾക്ക് പഠനാവശ്യത്തിനായി ഇന്ദിരയമ്മയുടെ പക്കൽ നിന്നും മകൾ വീടിന്റെയും പുരയിടത്തിന്റെയും പ്രമാണങ്ങൾ വാങ്ങി ബാങ്കിൽ പണയം വയ്ക്കുകയും ശേഷം അമ്മയുടെ പേരിൽ ഉണ്ടായിരുന്ന വീടും പുരയിടവും മകൾ തന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ കുടുംബ വീടിനോട് ചേർന്നുള്ള ചെറിയ വീട്ടിൽ താമസിച്ചിരുന്ന ഇന്ദിരയമ്മയെ ഇക്കഴിഞ്ഞ നാലാം തീയതി മകളും ചെറുമകളും ചെറുമകളുടെ ഭർത്താവും ചേർന്ന് മർദിച്ചശേഷം ഇറക്കി വിട്ടുവെന്ന് അയിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന് അമ്മയും ഇളയ മകനും കോടതിയെ സമീപിച്ചതോടെ ഇന്ദിരയമ്മയെ വീട്ടിൽ നിന്നും ഇറക്കി വിടരുതെന്നും, താമസിക്കാൻ അനുവദിക്കണമെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ ഇന്ന് വീണ്ടും അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇവരെ വീട്ടിലേക്ക് മാറ്റുകയും മകൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.



