‘പഞ്ചായത്ത് ഉണ്ണി’ പിടിയിൽ… മേനംകുളം സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിൽ കൊടുംക്രിമിനൽ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊടുംക്രിമിനൽ ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയിൽ ‘പഞ്ചായത്ത് ഉണ്ണി’ എന്ന രതീഷ് (38) അറസ്റ്റിലായി. ഇക്കഴിഞ്ഞ ഏപ്രിൽ 19-ന് മേനംകുളം സ്വദേശി ലാലുവിനെ വധിക്കാൻ ശ്രമിച്ച കേസ്സിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

ഏപ്രിൽ 19-ന് പഞ്ചായത്തുനട എന്ന സ്ഥലത്തുവച്ചാണ് ലാലുവിനു നേരെ ആക്രമണം ഉണ്ടായത്. ലാലുവിനെ തടഞ്ഞുനിർത്തിയ പ്രതി അസഭ്യം പറയുകയും മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പ്രതിയുടെ സുഹൃത്തുക്കളുമായി സഹകരിക്കാൻ ലാലു തയ്യാറാകാത്തതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ രതീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഴക്കൂട്ടം സ്റ്റേഷനിലും തിരുവനന്തപുരം റൂറൽ പരിധിയിലുമായി 18-ഓളം ആക്രമണക്കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

മുൻപ് കാപ്പ ചുമത്തപ്പെട്ടിട്ടുള്ള ഇയാൾ പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മേഖലയിലെ ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.

Related Articles

Back to top button