കുടിയൊഴിപ്പിക്കൽ: പൂപ്പാറയിൽ വീട് നഷ്ടപ്പെട്ടവരെ ആറ് മാസത്തിനുള്ളിൽ പുനരധിവസിപ്പിക്കുമെന്ന് പഞ്ചായത്ത്

ഇടുക്കി പൂപ്പാറയിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതിൽ വീട് നഷ്ടപ്പെട്ട 15 കുടുംബങ്ങളെ 6 മാസത്തിനുള്ളിൽ പുനരധിവസിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ ദിവസം നടന്ന ഒഴിപ്പിക്കലിൽ 29 വീടുകളും മൂന്ന് ആരാധനാലയങ്ങളുമടക്കം 88 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്.
പുഴ പുറമ്പോക്കിൽ അനധികൃതമായി നിർമിച്ച ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നു 2023 ജനുവരിയിലെ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2024- ഫെബ്രുവരി 7ന് കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിരുന്നു. അന്ന് കടകൾ പൂട്ടി സീൽ ചെയ്തിരുന്നെങ്കിലും വീടുകളിലെ താമസിക്കാരെ ഒഴിപ്പിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവിനെതിരെ കെട്ടിട ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവച്ചു. ഇതോടെയാണ് സ്വയം ഒഴിഞ്ഞു പോകാനുള്ള സാവകാശം നൽകിയത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 29 വീടുകളും ഇന്നലെ ഒഴിപ്പിച്ച ശേഷം പൊളിച്ചു നീക്കിയത്.



