വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീ​ഗിന് നൽകുന്നത് അം​ഗീകരിക്കാനാകില്ല’; വർഗീയ താൽപ്പര്യങ്ങൾ ശക്തിപ്പെടാനുള്ള സാധ്യതയുണ്ടെന്നും വി. മുരളീധരൻ

വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീ​ഗിന് നൽകുന്നത് അം​ഗീകരിക്കാനാകില്ലെന്ന് ബിജെപി നിയുക്ത എംഎൽഎ വി. മുരളീധരൻ. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യുന്നതിലൂടെ ദൂരവ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും വർഗീയ താൽപ്പര്യങ്ങൾ ശക്തിപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുരളീധരൻ ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിലെ നയങ്ങൾ നിർണയിക്കുന്നത് അതീവ ജാഗ്രതയോടെ വേണമെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് അധികാരത്തിലെത്തിയാൽ വകുപ്പ് വിഭജനത്തിൽ മാറ്റങ്ങൾ വരാനിടയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ പ്രതികരണം. മുൻപ് മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നുവെങ്കിലും ഇത്തവണ അത് കോൺഗ്രസ് ഏറ്റെടുക്കുകയും പകരം ആരോഗ്യമേഖല ലീഗിന് നൽകുകയും ചെയ്യുമെന്ന തരത്തിലുള്ള രാഷ്ട്രീയ ചർച്ചകളും പുറത്തുവരുന്നുണ്ട്.

അതേസമയം, മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തർക്കം ശക്തമായി തുടരുകയാണ്. എംഎൽഎമാരുടെ നിലപാടുകൾ കേട്ട് നിരീക്ഷക സംഘം നിർണായക തീരുമാനത്തിലേക്ക് കടക്കും. വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളാണ് മുഖ്യമന്ത്രിയാകാൻ രംഗത്തുള്ളത്. തർക്കം പാർട്ടിയെ ഗുരുതരമായി ബാധിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

Related Articles

Back to top button