‘മാസ്’ ഡയലോഗുകൾ വോട്ടായില്ല…. കുണ്ടറയിൽ റോബിനും തൃക്കാക്കരയിൽ അഖിൽ മാരാരും വീണു, സെലിബ്രിറ്റി പരീക്ഷണത്തിന് തിരിച്ചടി

സോഷ്യൽ മീഡിയയിലെ ലൈക്കുകളും റിയാലിറ്റി ഷോയിലെ ഇമേജും വോട്ടുപെട്ടിയിൽ ചലനമുണ്ടാക്കില്ലെന്ന് തെളിയിക്കുന്നതായി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ബിഗ് ബോസിലൂടെ കേരളക്കരയാകെ തരംഗമായ ഡോ. റോബിൻ രാധാകൃഷ്ണനും അഖിൽ മാരാരും ജനവിധി തേടിയിറങ്ങിയെങ്കിലും വോട്ടർമാർ രാഷ്ട്രീയ പക്വതയുള്ള നേതാക്കൾക്കൊപ്പം നിന്നു.
യുഡിഎഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിനെ നേരിടാൻ എൻഡിഎ രംഗത്തിറക്കിയ റോബിൻ രാധാകൃഷ്ണന് കുണ്ടറയിൽ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ച വിഷ്ണുനാഥ്, റോബിന്റെ സെലിബ്രിറ്റി പരിവേഷത്തെ വികസന രാഷ്ട്രീയം കൊണ്ട് നേരിട്ട് തന്റെ ഭൂരിപക്ഷം എട്ടിരട്ടിയിലധികം വർദ്ധിപ്പിച്ചു.
അമിത ആത്മവിശ്വാസത്തോടെ തൃക്കാക്കരയിൽ അങ്കത്തിനിറങ്ങിയ ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാർക്കും മണ്ഡലം കൈവിട്ടു. സോഷ്യൽ മീഡിയയിലെ ലക്ഷക്കണക്കിന് ഫോളോവേഴ്സോ മാരാരുടെ മാസ് ഡയലോഗുകളോ തൃക്കാക്കരയിലെ വോട്ടർമാരെ സ്വാധീനിച്ചില്ല. പി.ടി. തോമസിന്റെ പാരമ്പര്യവും ഉമ തോമസിന്റെ വ്യക്തിപ്രഭാവവും യുഡിഎഫിന് കരുത്തായി.



