തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയൻ രാജിവെച്ചു….. രാജിക്കത്ത് കൈമാറിയത് ദൂതൻ വഴി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന അദ്ദേഹം തലസ്ഥാനത്തെത്താതെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. പിണറായി വിജയന്റെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

നാളെ മാത്രമേ രാജിയുണ്ടാകൂ എന്നായിരുന്നു സി.പി.എം വൃത്തങ്ങളിൽ നിന്നുള്ള ആദ്യ സൂചനകൾ. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായി പുറത്തുവന്നതോടെ പിണറായി വിജയൻ രാജി തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു. പരാജയത്തിന് ശേഷം കണ്ണൂരിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ മാധ്യമങ്ങളെ കാണാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. പാർട്ടിക്കേറ്റ കനത്ത ആഘാതത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരും.

Related Articles

Back to top button