കേരളത്തിൽ ഒരുപാട് താമര വിരിയുമെന്ന് വി മുരളീധരൻ….

തിരുവനന്തപുരം: കേരളത്തിൽ ഒരുപാട് താമര വിരിയുമെന്ന് മുതിർന്ന നേതാവും കഴക്കൂട്ടം ബി ജെ പി സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് വി മുരളീധരന്റെ പ്രതികരണം. കഴക്കൂട്ടത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി കടകം പള്ളി സുരേന്ദ്രനും യു ഡി എഫ് ശരത്ചന്ദ്ര പ്രസാദും ആണ് വി മുരളീധരനെതിരെ മത്സരിക്കുന്നത്. മൂന്ന് മുന്നണികളും തമ്മിൽ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണിത്.
2016ല് കടകംപള്ളിയോട് മത്സരിച്ചപ്പോൾ 42,732 വോട്ടാണ് മുരളീധരന് കിട്ടിയത്. നിലവിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ് ബിജെപി ഇപ്പോൾ നിൽക്കുന്നത്. കൂടാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് 28 വാർഡുകളിൽ വിജയിക്കാൻ സാധിച്ചിരുന്നു. ഈ സൂചന നിലവിൽ ബിജെപിക്ക് നല്ല പ്രതീക്ഷയാണ് നൽകുന്നത്. 2021ൽ ശോഭാ സുരേന്ദ്രൻ മത്സരിക്കുമ്പോഴും നേരിയ കുറവ് വോട്ട് ഷെയറിൽ വന്നെങ്കിലും രണ്ടാം സ്ഥാനം തന്നെ നിലനിർത്തിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതും ഇത്തവണ ഉപകരിക്കുമെന്നാണ് എൻഡിഎ കരുതുന്നത്.



