പൂട്ടിക്കിടക്കുന്ന വീട്ടിൽ നിരന്തരം പൂജകൾ; പരിശോധനയിൽ തെളിഞ്ഞത് 34 വർഷം മുമ്പ് നടന്ന കൊലപാതകം

ഭാര്യയെ കൊന്ന് കിണറ്റിൽ തള്ളിയതായി കൊലപാതകം നടന്ന് 34 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ഭർത്താവും ഭർത്തൃസഹോദരനും കസ്റ്റഡിയിൽ. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ആണ് 34 വർഷങ്ങൾക്ക് മുമ്പ് നടത്തിയ കൊലപാതകം കണ്ടെത്തിയത്. അഹമ്മദാബാദിലെ വാട്‌വയിലെ ഒരു വീട്ടിൽ നിന്ന് സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം പൊലീസ് കണ്ടെടുത്തു. 1992ൽ സ്ത്രീയുടെ ഭര്‍ത്താവും ഭർത്തൃസഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

വിവാഹേതര ബന്ധം ആരോപിച്ച് സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനകത്തെ കിണറിൽ നിക്ഷേപിക്കുകയായിരുന്നു. കൊല്ലപ്പെട്ടത് ഫർസാന എന്ന ഷബ്നമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. അസ്ഥികൂടത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഇതിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

പ്രതികളുടെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട സ്ത്രീയെ സ്വപ്നം കാണുന്നത് പതിവായതോടെ പൂജകൾ നടത്തിയിരുന്നു. പൂട്ടിക്കിടന്ന വീട്ടിൽ നിരന്തരം പൂജകൾ നടക്കുന്നത് സംശയങ്ങൾക്ക് ഇടയാക്കിയതോടെയാണ് 34 വര്‍ഷം ഒളിപ്പിച്ച കൊലപാതകരഹസ്യം പുറത്തായത്. അസ്ഥികൂടം കണ്ടെത്തിയതോടെ കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിനെയും സഹോദരനെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, മറ്റ് പ്രതികൾ ജീവിച്ചിരിപ്പില്ലെന്നും അഹമ്മദാബാദ് എഎസ്പി ഭരത് പട്ടേൽ പറഞ്ഞു.

ദോൾക്ക സ്വദേശിയായ ഫർസാന മുഖ്യപ്രതിയുമായുള്ള വിവാഹത്തിന് ശേഷമാണ് അഹമ്മദാബാദിലെത്തിയത്. ഭർത്താവുമായി വഴക്ക് പതിവായിരുന്നു. വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതോടെ ഫർസാനയെ സഹോദരനും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഫർസാനയെ കൊലപ്പെടുത്തി മൃതദേഹം കിണറിൽ മറവുചെയ്തു. കൊലപാതകത്തിന് ശേഷം മറ്റൊരാൾക്ക് വിൽപന നടത്തിയെങ്കിലും ഏഴ് വർഷമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. കിണറില്‍ നിന്നും പുറത്തെടുത്ത അസ്ഥികൾ ഡിഎൻഎ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. താരതമ്യത്തിനായി ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ സ്ത്രീയുടെ സഹോദരനെ പൊലീസ് കണ്ടെത്തിയതായും എസിപി പട്ടേൽ പറഞ്ഞു.

Related Articles

Back to top button