ബന്ധുക്കളുടേതടക്കം ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റ സംഭവം…. പ്രതി നിതിൻ മോഹൻദാസ് പിടിയിൽ… കുടുക്കിയത് 11 സിം കാർഡുകൾ

മലപ്പുറം: സോഷ്യൽ മീഡിയയിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും പണത്തിന് വിൽക്കുകയും ചെയ്ത സംഭവത്തിൽ വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസ് അറസ്റ്റിൽ. രാമനാട്ടുകര സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പരപ്പനങ്ങാടി പൊലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ ഫോണും മെയിൽ ഐഡിയും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രതി ഈ രംഗത്ത് സജീവമാണ്. തിരിച്ചറിയാതിരിക്കാൻ 11 വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഇയാൾ ടെലഗ്രാം, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. ഇൻസ്റ്റാഗ്രാമിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത ശേഷം മൂന്ന് പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിൽക്കുന്നതാണ് പ്രതിയുടെ രീതി. ചിത്രങ്ങൾ വിൽക്കുന്നതിന് പുറമെ മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുന്നതായും പൊലീസ് കണ്ടെത്തി. പരിചയമുള്ള പെൺകുട്ടികൾക്ക് പോലും വാട്സാപ്പിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ദൃശ്യങ്ങളും അയക്കുന്ന സ്വഭാവം ഇയാൾക്കുണ്ടായിരുന്നു.
പെൺകുട്ടികളുടെ സ്വകാര്യതയെയും അന്തസ്സിനെയും തകർക്കുന്ന അതീവ ഗൗരവകരമായ സൈബർ കുറ്റകൃത്യമാണിത്. പ്രതിക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ് എന്നും പരപ്പനങ്ങാടി പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഇമെയിൽ ഐഡിയുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകളുടെ വിവരങ്ങൾ അന്വേഷണത്തിൽ നിർണ്ണായകമായി.



