ഇന്ധനവില വർധന… പ്രചരിക്കുന്നത് വ്യാജ വാർത്ത… വിശദീകരണവുമായി കേന്ദ്ര സർക്കാർ

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ. പെട്രോളിയം മന്ത്രാലയത്തിന്റെ പേരിൽ ഇറങ്ങിയ വ്യാജ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്. ഇത്തരത്തിൽ ഒരു ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്നും ഇന്ധനവിലയിൽ മാറ്റമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 12.5 രൂപയും വർധിപ്പിച്ചുവെന്നായിരുന്നു പ്രചാരണം. ഔദ്യോഗിക രേഖയെന്ന രീതിയിൽ ഒരു കത്തും ഇതിനൊപ്പം പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജമായി നിർമ്മിച്ചതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലെന്നും പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. രാജ്യത്ത് എൽപിജി, പെട്രോൾ, ഡീസൽ എന്നിവ ആവശ്യത്തിന് ലഭ്യമാണ്. ഗാർഹിക ആവശ്യത്തിനുള്ള പിഎൻജി, എൽപിജി ഉപഭോക്താക്കൾക്കും ഗതാഗത മേഖലയിലെ സിഎൻജി ഉപഭോക്താക്കൾക്കും 100 ശതമാനം വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളായി രാജ്യത്ത് ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഡൽഹിയിൽ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് നിലവിലെ വില. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിങ് കമ്പനികൾ വില സ്ഥിരമായി നിലനിർത്തിയിരിക്കുകയാണ്.
വ്യാജ വാർത്തകളിൽ വിശ്വസിച്ച് ആരും പരിഭ്രാന്തരാകരുതെന്നും ഇന്ധനം അനാവശ്യമായി ശേഖരിച്ചു വയ്ക്കേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു.



