തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞു; വാഹനങ്ങൾ ഓടാൻ അനുവദിക്കില്ലെന്ന് നിലപാട്

തമ്പാനൂരിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞു. ഇവർ ബസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വാഹനങ്ങൾ ഓടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഹർത്താൽ അനുകൂലികൾ. പത്തനംതിട്ട അടൂരിലും ഹർത്താൽ അനുകൂലികൾ ബസുകൾ തടയുന്നുണ്ട്. അതേസമയം, മറ്റു ജില്ലകളിൽ ഇതുവരെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനങ്ങൾ തടയില്ലെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നുമായിരുന്നു നേരത്തേ നിതിൻ രാജ് ആക്‌ഷൻ കൗൺസിലിന്റെ അഭ്യർത്ഥന.

ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് ഇന്ന് ദലിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. 52 ദലിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.

‘ജസ്റ്റിസ് ഫോർ നിതിൻ രാജ്’ ആക്‌ഷൻ കൗൺസിലും ദലിത്-ആദിവാസി സംഘടനകളും ചേർന്നാണ് സമരം സംഘടിപ്പിക്കുന്നത്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം, രോഹിത് വെമുല നിയമം നടപ്പാക്കുക, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, കൂടാതെ ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

ഇതിനിടെ ഹർത്താലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി. ജേക്കബ് വ്യക്തമാക്കി: കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതിയായ വ്യക്തിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഹർത്താൽ അനാവശ്യമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള സമരങ്ങളോട് യോജിപ്പില്ലെന്നും എല്ലാ വ്യാപാരികളും പതിവുപോലെ കടകൾ തുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിൽ സ്വകാര്യ ബസുകൾ സാധാരണ പോലെ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു.

Related Articles

Back to top button