ലൈംഗിക ചൂഷണ പരാതിയിൽ പ്രതികരണവുമായി ഷിയാസ് കരിം

ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് തനിക്കെതിരെ വന്നിരിക്കുന്ന പരാതിയിൽ പ്രതികരണവുമായി ബിഗ് ബോസ് മുൻതാരം ഷിയാസ് കരിം. വന്നിരിക്കുന്നത് വ്യാജ പരാതിയാണെന്നും താൻ മുൻപ് കേസ് കൊടുത്ത ഒരു സ്ത്രീയാണ് പരാതിക്കാരിയെന്നും ഷിയാസ് ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഷിയാസ് കരിമിൻറെ പ്രതികരണം.
“എൻറെ പേരിൽ ഒരു പീഡന പരാതി വരുന്നുണ്ട്. എൻറെ കല്യാണം കഴിഞ്ഞിട്ട് ഒന്നു രണ്ട് വർഷം ആവാറായി. എനിക്ക് ഒരു കുട്ടിയുണ്ട്. ഞാൻ മാന്യമായിട്ടാണ് ജീവിക്കുന്നത്. എൻറെ കുടുംബവുമായി അത്ര അടുപ്പമുള്ള ഒരു സ്ത്രീയാണ് പരാതിക്കാരി. എൻറെ ഭാര്യയിൽ നിന്നും എൻറെ ഉമ്മയിൽ നിന്നും പെങ്ങളിൽ നിന്നും ഇവർ കുറച്ച് സ്വർണ്ണം വാങ്ങിച്ചിട്ടുണ്ട്. ഇതൊന്നും ഞാൻ അറിയുന്നില്ല. കുറച്ച് പ്രശ്നം ആയി കഴിഞ്ഞപ്പോഴാണ് ഇതൊക്കെ ഞാൻ അറിയുന്നത്. എൻറെ ഫാമിലിയിൽ കയറി കുറച്ച് പേഴ്സണൽ കാര്യങ്ങളിൽ ഇടപെടുകയും അത് കുറച്ച് പ്രശ്നം ആയപ്പോഴുമാണ് ഞാനിത് അറിയുന്നത്. കാശും സ്വർണ്ണവും വാങ്ങിച്ച കാര്യം. എൻറെ ഉമ്മയ്ക്കും പെങ്ങൾക്കും എനിക്കുമൊക്കെ കുറച്ച് പൈസ ഇവർ അയച്ചിട്ടുണ്ട്. ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാനും മറ്റും. ഞാൻ അവരിൽ നിന്നും കോടികൾ പറ്റിച്ചുവെന്ന് ഇവർ മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് ഞാൻ ഇവരുടെ പേരിൽ കേസ് കൊടുത്തു. ആ കേസ് ഫയൽ ചെയ്ത് ഇവർക്ക് നോട്ടീസ് ചെന്നപ്പോൾ ഇവർ ഇപ്പോൾ എൻറെ പേരിൽ ഒരു കള്ളക്കേസുമായി വന്നിരിക്കുകയാണ്. കേരള പൊലീസിലും നിയമത്തിലുമൊക്കെ ഭയങ്കര വിശ്വാസമുള്ള ആളാണ് ഞാൻ. മുൻപ് ഒരു കേസിൽ ഫൈറ്റ് ചെയ്ത ആളാണ് ഞാൻ. ഇതും അതുപോലെ ഫൈറ്റ് ചെയ്യും.”



