ജാതി അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നിയമം വേണം,’രോഹിത് വെമുല ആക്ട്’ നടപ്പാക്കണം

കേരളത്തിലെ കലാലയങ്ങളിൽ ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഒരു വിദ്യാർഥി പോലും അധിക്ഷേപിക്കപ്പെടാൻ പാടില്ലെന്നും, ഇത് തടയാൻ രോഹിത് വെമുലയുടെ പേരിൽ പ്രത്യേക നിയമം കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളത്ത് ഭാരതീയ പട്ടികജന സമാജം സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹൈദരാബാദ് സർവ്വകലാശാലയിലെ രോഹിത് വെമുലയുടെ മരണത്തിന് സമാനമായ സാഹചര്യമാണ് കേരളത്തിൽ നിതിൻ രാജിന്റെ കാര്യത്തിലുണ്ടായത്. കുട്ടികൾക്ക് പൂർണ്ണമായ നിയമപരിരക്ഷ ഉറപ്പാക്കാൻ ‘രോഹിത് വെമുല ആക്ട്’ കേരളത്തിൽ നടപ്പാക്കണം. സർക്കാർ സർവീസിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സംവരണ പ്രകാരമുള്ള നിയമനം ലഭിക്കുന്നുണ്ടോ എന്ന് ഓരോ മൂന്ന് വർഷം കൂടുമ്പോഴും കമ്മീഷനെ വെച്ച് പരിശോധിക്കണം. നിയമനത്തിൽ കുറവുണ്ടെങ്കിൽ ‘സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്’ വഴി അത് നികത്തണം.’സതീശൻ വ്യക്തമാക്കി.

ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും പട്ടികവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന മാതൃകാ ഗവൺമെന്റായി കേരളം മാറണമെന്നും ജാതിയുടെ പേരിൽ കുഞ്ഞുങ്ങൾ അധിക്ഷേപിക്കപ്പെടുന്നത് തടയാൻ ശക്തമായ നിയമസംരക്ഷണം അത്യാവശ്യമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button