മദ്യപിച്ച് അപകടപരമായി ബസോടിച്ചു; കൊല്ലം – ചെന്നൈ അന്തർസംസ്ഥാന ബസ് ഡ്രൈവർ പിടിയിൽ

യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി മദ്യലഹരിയിൽ അമിതവേഗതയിൽ ബസോടിച്ച ഡ്രൈവർ പിടിയിലായി. കൊല്ലത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാവൽസ് ബസാണ് തെൻമല-ആര്യങ്കാവ് ഭാഗത്ത് ഭീതി പരത്തിയത്. യാത്രക്കാരുമായി പുറപ്പെട്ട ബസ് തെൻമല പിന്നിട്ട ഉടനെ മറ്റൊരു വാഹനത്തിൽ ഇടിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതം തിരിച്ചറിഞ്ഞും അമിതവേഗതയിൽ വാഹനം ഓടിച്ച ഡ്രൈവറുടെ നടപടി കണ്ട്, അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നവർ ബസിനെ പിന്തുടർന്നു. ആര്യങ്കാവിന് വെച്ച് ഇവർ ബസ് തടഞ്ഞുനിർത്തുകയായിരുന്നു.

ആര്യങ്കാവിനടുത്ത് വെച്ച് യുവാക്കൾ ബസ് തടഞ്ഞപ്പോഴാണ് ഡ്രൈവർ മദ്യലഹരിയിലാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാരും യാത്രക്കാരും ചേർന്ന് ബസ് തടയുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ബസിനുള്ളിൽ ഭയന്നുവിറച്ചാണ് ഇരുന്നിരുന്നതെന്ന് യാത്രക്കാർ പറയുന്നു. ഡ്രൈവർ വളരെ അസ്വാഭാവികമായ രീതിയിലാണ് ബസ് ഓടിച്ചിരുന്നത്. വണ്ടി പലപ്പോഴും റോഡിൽ നിന്നും തെന്നിമാറി വലിയ അപകടത്തിൻറെ വക്കിലായിരുന്നു. പേടിച്ചാണ് ഇരുന്നിരുന്നതെന്ന് ബസിലുണ്ടായിരുന്നവ‍ർ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തെൻമല പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Back to top button