തൃക്കരിപ്പൂരിൽ ശൈശവ വിവാഹം… 28-കാരനായ വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്….

കാസർകോട്: തൃക്കരിപ്പൂരിൽ 16 വയസ്സുകാരിയെ വിവാഹം കഴിച്ച സംഭവത്തിൽ ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന പ്രവാസി ഉൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ബാലവിവാഹ നിരോധന ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
വരൻ ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന സാബിർ ഷെയ്ക്ക് (28), പെൺകുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമപഞ്ചായത്ത് അംഗവുമായ പി.കെ. താജുദ്ദീൻ, വിവാഹത്തിന് നേതൃത്വം നൽകിയ ഉസ്താദ് റഹ്മത്തുള്ള. ഈ മാസം 13-ന് എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവരമറിഞ്ഞ ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ശൈശവ വിവാഹം നടന്നതായി കണ്ടെത്തിയത്. എന്നാൽ, നടന്നത് വിവാഹമല്ലെന്നും വെറും ‘ഉറപ്പിക്കൽ ചടങ്ങ്’ മാത്രമാണെന്നുമാണ് പെൺകുട്ടിയുടെയും വരന്റെയും ബന്ധുക്കൾ നൽകുന്ന വിശദീകരണം.
വിവാഹം നടന്നത് സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനിടെ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഉന്നത പോലീസ് സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. സംഭവം വിവാദമായതോടെ വരൻ സാബിർ ഷെയ്ക്ക് ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്. ഇയാളെ തിരികെ എത്തിക്കാനുള്ള നടപടികൾ പോലീസ് ആലോചിക്കുന്നുണ്ട്.



