‘പോടാ പുല്ലേ’ പ്രയോഗം… വിരമിച്ച ശേഷം വിളിച്ചതാണോ തെറ്റ്?… മറുപടിയുമായി ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ രാഷ്ട്രീയ സംഘർഷത്തിന് പിന്നാലെ ബിജെപി നേതാക്കളായ മുൻ ഡിജിപിമാർ നടത്തിയ ‘പോടാ പുല്ലേ’ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കുന്നു. വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ആർ. ശ്രീലേഖ രംഗത്തെത്തിയപ്പോൾ, ഇവർ സർവീസ് കാലയളവിൽ എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

വിമർശകർക്ക് ചുട്ട മറുപടിയുമായാണ് ആർ. ശ്രീലേഖ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. സർവീസിൽ ഇരുന്നപ്പോഴും അഴിമതിക്കാരെയും തെറ്റ് ചെയ്യുന്നവരെയും ‘പോടാ പുല്ലേ’ എന്ന് വിളിച്ചിട്ടുണ്ടെന്ന് ശ്രീലേഖ വ്യക്തമാക്കി. ഗുരുതരമായ തെറ്റുകൾ ചെയ്ത പോലീസുകാരെ സസ്‌പെൻഡ് ചെയ്യാനും ഡിസ്മിസ് ചെയ്യാനും മടിച്ചിട്ടില്ല. അന്നൊന്നും ആരും ഇതിനെതിരെ രംഗത്ത് വന്നിട്ടില്ല. വിരമിച്ച ശേഷം തെറ്റുകൾ ചെയ്യുന്ന ഒരാളെ ‘പോടാ’ എന്ന് വിളിച്ചതിൽ എന്തിനാണ് ഇത്ര വേവലാതിയെന്ന് അവർ ചോദിച്ചു.

ശ്രീലേഖയ്ക്കും ടി.പി. സെൻകുമാറിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചത്. ‘പോടാ പുല്ലേ’ എന്ന മുദ്രാവാക്യം ഇവർ വിളിക്കുന്നത് മുൻകാല പ്രാബല്യത്തോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി പരിഹസിച്ചു. ഇവർ രണ്ടുപേരും ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്നപ്പോൾ എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. ഇപ്പോൾ പുറത്തുവരുന്നത് ഇവരുടെ രാഷ്ട്രീയ പക്ഷപാതമാണെന്നും മന്ത്രി ആരോപിച്ചു. വട്ടിയൂർക്കാവിലെ സംഘർഷസ്ഥലത്ത് പോലീസുകാരെ നോക്കി ബിജെപി നേതാക്കൾ അധിക്ഷേപ പരാമർശം നടത്തിയത് വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ പോലീസ് അസോസിയേഷൻ അടക്കം രംഗത്തെത്തിയിരുന്നു.

Related Articles

Back to top button