കെ പി ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി…

കൊച്ചി: ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. ചിക്കന്‍ മസാല നല്ലതാണ്, പായസത്തിലിടരുതെന്ന കെ പി ശശികലയുടെ നന്ദഗോവിന്ദം ഭജന്‍സിനെതിരായ പരാമര്‍ശത്തിനെതിയാണ് അബിന്‍ വര്‍ക്കി രംഗത്തെത്തിയത്. നല്ല ഒന്നാന്തരം സദ്യ തൂശനിലയില്‍ വിളമ്പി 56 കൂട്ടം കറിയും ഒഴിച്ചിട്ട് അറ്റത്ത് അല്‍പം നായ കാഷ്ടം വച്ചാല്‍ എന്തായിരിക്കും അവസ്ഥ. സദ്യ മുഴുവന്‍ നാറ്റിക്കും എന്ന് പറഞ്ഞത് പോലെ ഇവര്‍ ഒറ്റ ആളിനെ കൊണ്ട് നാട് മുഴുവന്‍ നാറ്റിക്കും എന്ന് അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിലായിരുന്നു നന്ദഗോവിന്ദത്തിനെതിരായ ശശികലയുടെ വിമര്‍ശനം.’നന്ദഗോവിന്ദം ഭജന്‍സ് ഒരു പാട്ട് പാടിയതില്‍ ക്ഷേത്ര കമ്മിറ്റിക്ക് കുഴപ്പമില്ല. കേട്ടിരുന്ന വിശ്വാസികള്‍ക്കോ ജനങ്ങള്‍ക്കോ കുഴപ്പമില്ല. കുഴപ്പം കുത്തിത്തിരിപ്പ് മാത്രം ഉണ്ടാക്കാന്‍ നില്‍ക്കുന്ന ചില കോമരങ്ങള്‍ക്കാണ്’ എന്നും അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. ‘ആദ്യമായി ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന പാട്ട് ഗാനമേളയില്‍ പാടി കേട്ടത് എന്റെ നാട്ടിലെ ഒരു പള്ളി പെരുന്നാളിന് ഗാനമേള നടന്നപ്പോഴാണ്. അത് പോലെ ‘യിസ്രയേലിന്‍ നാഥനയായി വാഴും ഏക ദൈവം’ എന്ന പാട്ട് എത്രയോ അമ്പലങ്ങളിലെ ഗാനമേളകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവിടെ എല്ലായിടത്തും ‘മാപ്പിള പാട്ടുകള്‍ക്ക് തകര്‍ത്ത് ഡാന്‍സും ചെയ്തിട്ടുമുണ്ട്. ഇതിപ്പോ പള്ളിയില്‍ നടത്തുന്ന പരിപാടിക്കും അമ്പലത്തില്‍ നടത്തുന്ന പരിപാടിക്കും പാട്ട് ഏത് പാടണം, പാട്ട് ആര് കേള്‍ക്കണം എന്ന ചര്‍ച്ചയിലേക്ക് പോകുന്നത് തന്നെ തെറ്റാണ്. നന്ദഗോവിന്ദം ഭജന്‍സ് അവിടെ ഒരു പാട്ട് പാടിയതില്‍ അവിടത്തെ ക്ഷേത്ര കമ്മിറ്റിക്ക് കുഴപ്പമില്ല, കേട്ടിരുന്ന വിശ്വാസികള്‍ക്കോ ജനങ്ങള്‍ക്കോ കുഴപ്പമില്ല. പിന്നെ ആര്‍ക്കാണ് കുഴപ്പം. കുത്തിത്തിരിപ്പ് മാത്രം ഉണ്ടാക്കാന്‍ നില്‍ക്കുന്ന ചില കോമരങ്ങള്‍ക്ക്’, അബിന്‍ വര്‍ക്കി പറഞ്ഞു.

Related Articles

Back to top button