ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ഡൽഹിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തെക്കുകിഴക്കൻ ഡൽഹിയിലെ അമർ കോളനി പ്രദേശത്ത് ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ വീട്ടിലാണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, പ്രതിയെ വീട്ടുകാർ സംശയാസ്പദമായ സാഹചര്യത്തിൽ വീടിനുള്ളിൽ കണ്ടെത്തി, തുടർന്ന് പോലീസിൽ വിവരമറിയിച്ചു. വീട്ടിലെ ജോലിക്കാരനായിരുന്ന 19കാരനാണ് കൊലയാളിയെന്നാണ് സംശയം.
ഇയാൾ ഒളിവിലാണ്. സംഭവ സമയത്ത് കൊല്ലപ്പെട്ട 22കാരി പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മകളെ വീടിനുള്ളിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 19കാരനാണ് കൊലയാളിയെന്ന സംശയം ബലപ്പെട്ടത്. ഒരു മാസം മുൻപ് ഇയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതിയെ കണ്ടെത്തൽ തിരച്ചിൽ ഊർജ്ജിതമാക്കി. ഗൗരവമേറിയ വിഷയമായതിനാൽ കേസ് അന്വേഷണത്തിന് ദില്ലി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മോഷണ ശ്രമമാണോ, മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല. മരിച്ച പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും പേരുവിവരങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടിട്ടില്ല.
വീട്ടിൽ ബലപ്രയോഗത്തിലൂടെ കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പിരിച്ചുവിടപ്പെട്ട വീട്ടുജോലിക്കാരൻ ഇന്നലെ രാത്രി ഡൽഹിയിൽ എത്തിയതായി പോലീസ് പറഞ്ഞു. വീട്ടിൽ കയറിയപ്പോൾ ഒരു താക്കോൽ ഉപയോഗിച്ചതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.



