പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി… ശ്വാസോച്ഛ്വാസം സാധാരണ നിലയിലേക്ക്

തൃശൂർ: കൊടകരയിൽ കിടപ്പുമുറിയിൽ വെച്ച് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തുവയസ്സുകാരൻ അനോഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. കുട്ടി മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും പേശികൾ ചലിച്ചു തുടങ്ങിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ശ്വാസം നന്നായി എടുക്കുന്നുണ്ടെന്നും ഇതേ രീതിയിൽ പുരോഗതി തുടർന്നാൽ രണ്ട് ദിവസത്തിനുള്ളിൽ വെന്റിലേറ്റർ മാറ്റാനാകുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ മക്കളായ അൽജോയും അനോഷും രാത്രി ചൂട് കാരണം ഹാളിൽ കിടന്നുറങ്ങിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. പിന്നീട് മാതാവിനൊപ്പം മുറിയിലെ കട്ടിലിലേക്ക് മാറിയെങ്കിലും തലയിണയ്ക്കുള്ളിലുണ്ടായിരുന്ന ശംഖുവരയൻ പാമ്പ് കുട്ടികളെ കടിക്കുകയായിരുന്നു. എട്ടു വയസ്സുകാരനായ അൽജോ ചികിത്സ ലഭ്യമാകുന്നതിന് മുൻപ് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.

രാത്രി രണ്ട് മണിയോടെ വയറുവേദന എന്ന് പറഞ്ഞ് ഉണർന്ന കുട്ടികൾക്ക്, ജ്യൂസ് കഴിച്ചതുകൊണ്ടുണ്ടായ അസ്വസ്ഥതയാണെന്ന് കരുതി വീട്ടുകാർ ജീരകവെള്ളം നൽകിയിരുന്നു. എന്നാൽ പുലർച്ചെ 5.30-ഓടെ കുട്ടികളുടെ വായിൽ നിന്ന് നുരയും പതയും വരുന്നത് കണ്ടതോടെയാണ് പിതാവ് ഉടൻ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും അൽജോ മരണപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധയല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമായത്. തുടർന്ന് വീട്ടിൽ നടത്തിയ തിരച്ചിലിൽ ഹാളിൽ നിന്ന് ഇഴഞ്ഞുമാറുന്ന പാമ്പിനെ കണ്ടെത്തുകയും ചെയ്തു. അൽജോയുടെ വിയോഗത്തിൽ തളർന്ന കുടുംബത്തിന് അനോഷിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് മാത്രമാണ് ഇപ്പോൾ ഏക പ്രതീക്ഷ.

Related Articles

Back to top button