ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് മരണം… പച്ചാളത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: പച്ചാളത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പച്ചാളം സ്വദേശിയായ ആൽ ജൂഡിന്റെ മൃതദേഹം സുഹൃത്തായ സിനോഷിന്റെ വീട്ടിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി സിനോഷും ആൽ ജൂഡും അടങ്ങുന്ന മൂന്നംഗ സംഘം വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിൽ ഇവർക്കിടയിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായതായാണ് വിവരം. തർക്കം മൂർച്ഛിച്ചതോടെ സിനോഷ് അടുക്കളയിലിരുന്ന ഫ്രയിങ് പാൻ എടുത്ത് ആൽ ജൂഡിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽ ജൂഡ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിവരം അറിഞ്ഞെത്തിയ നോർത്ത് പോലീസ് സിനോഷിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.

പ്രതി മദ്യലഹരിയിലായിരുന്നതിനാൽ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഘത്തിലുണ്ടായിരുന്ന മൂന്നാമനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. നഗരമധ്യത്തിൽ നടന്ന ഈ ദാരുണമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പച്ചാളം പ്രദേശം.

Related Articles

Back to top button