പടക്കനിർമ്മാണ ശാലയിൽ സ്‌ഫോടനം, 17 പേർ മരിച്ചു; നിരവധിപ്പേർക്ക് ഗുരുതര പരിക്ക്

തമിഴ്‌നാട് വിരുദുനഗറിൽ പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം. 17 പേർ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കുടുങ്ങി കിടക്കുന്ന നിരവധിപ്പേരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സംഭവ സമയത്ത് സ്ഥലത്ത് 50ലധികം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ച് വരികയാണ്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പടക്കനിർമ്മാണശാലയിലെ നാലുമുറികൾ പൂർണമായി തകർന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം പത്തുകിലോമീറ്റർ വരെ അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. സ്ഥലത്ത് നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഇവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നത്. തീ ആളിക്കത്തുന്നതിനാൽ കുടുങ്ങി കിടക്കുന്നവരുടെ അരികിൽ എത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Related Articles

Back to top button