മകൾ പാർവതിയുടെ പുതിയ പുസ്തകം ‘എ ഗേൾ സ്പീക്സ്’ പ്രകാശനം ചെയ്ത് കെ.സി വേണുഗോപാൽ എംപി…

കൊച്ചി: രാഷ്ട്രീയ തിരക്കുകൾക്കിടയിലും ഒരു പിതാവിന്റെ അഭിമാന നിമിഷം പങ്കുവെച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. തന്റെ മകൾ പാർവതി എഴുതിയ പുതിയ പുസ്തകമായ ‘എ ഗേൾ സ്പീക്സ്’ (A Girl Speaks) എന്ന കൃതിയുടെ കവർ പേജ് അദ്ദേഹം പ്രകാശനം ചെയ്തു. സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളും സ്ത്രീകളുടെ അടിച്ചമർത്തലുകളും ചർച്ച ചെയ്യുന്നതാണ് പുസ്തകമെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ സ്ത്രീവിരുദ്ധതയിലേക്കും അടിച്ചമർത്തലുകളിലേക്കും വിരൽ ചൂണ്ടുന്ന പുസ്തകം ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയുള്ള ലോകത്തെയാണ് അവതരിപ്പിക്കുന്നത്. “മകൾ എഴുത്തിനെ ഇത്രയും ഗൗരവത്തോടെ സമീപിക്കുന്നതിലുള്ള സന്തോഷവും അഭിമാനവും ചെറുതല്ല. പുസ്തകം നന്നായി വായിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു,” എന്ന് കവർ പേജ് പങ്കുവെച്ചുകൊണ്ട് കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
പാർവതി വേണുഗോപാൽ രചിക്കുന്ന രണ്ടാമത്തെ പുസ്തകമാണിത്. ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കിയ ‘വിവിഡ് ഡ്രീംസ്’ (Vivid Dreams) ആയിരുന്നു പാർവതിയുടെ ആദ്യ കൃതി. ആഗോളതലത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗൗരവകരമായ നിരീക്ഷണങ്ങൾ പുതിയ പുസ്തകത്തിലുണ്ടെന്നാണ് സൂചന. പുസ്തകം ഉടൻ തന്നെ വിപണിയിലെത്തും.



