മാനന്തവാടിയിൽ വ്യാജ അരിഷ്ടം കഴിച്ച് യുവാവ് മരിച്ചു…. ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയെന്ന് പരാതി

മാനന്തവാടി: വ്യാജ അരിഷ്ടം കഴിച്ചതിനെത്തുടർന്ന് ആദിവാസി യുവാവ് മരിച്ചു. മാനന്തവാടി ചേര്യംകൊല്ലി കല്ലുമൊട്ടൻകുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. പ്രദേശത്തെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ നിന്ന് വാങ്ങി കഴിച്ച അരിഷ്ടത്തിൽ മാരകമായ ലഹരി കലർന്നിരുന്നതായാണ് പരാതി ഉയരുന്നത്.
അരിഷ്ടം അമിതമായി ഉള്ളിൽച്ചെന്ന് രക്തം ഛർദിച്ച പ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കരളിനെ ഗുരുതരമായി ബാധിച്ച രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്നാണ് പ്രസാദ് അരിഷ്ടം വാങ്ങിയിരുന്നത്. ‘അർജുനാരിഷ്ടം’ എന്ന പേരിൽ ലഭിക്കുന്ന ഉൽപ്പന്നം ‘ധാത്ര്യാരിഷ്ടം’ എന്ന പേരിലാണ് ഇവർ വിറ്റിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വെറും 50 രൂപയ്ക്കും 100 രൂപയ്ക്കും വിൽക്കുന്ന ഈ അരിഷ്ടത്തിൽ മാരകമായ അളവിൽ ലഹരി ചേർത്തിട്ടുണ്ടെന്നും ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് ഇതിന്റെ വിൽപന പ്രധാനമായും നടക്കുന്നതെന്നും പരാതിയുണ്ട്.
യുവാവിന്റെ മരണത്തെത്തുടർന്ന് നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. ഇതിനെത്തുടർന്ന് പൊലീസ് ഇടപെട്ട് ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസ് അടപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



