വനിതാ സംവരണ ബിൽ പരാജയം…. ‘ഇത് രാജ്യത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിജയം’… ബിജെപിക്കെതിരെ പ്രിയങ്കാ ഗാന്ധി

വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിജയമാണെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. എക്കാലവും അധികാരത്തിൽ ഇരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ബിൽ പരാജയപ്പെട്ടതോടെ തകർന്നതെന്നും ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രിയങ്ക വ്യക്തമാക്കി.

വനിതാ സംവരണത്തിന് വേണ്ടിയല്ല, മറിച്ച് മണ്ഡല പുനർനിർണ്ണയത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടിയാണ് സർക്കാർ ബിൽ കൊണ്ടുവന്നതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. “സ്ത്രീകളെ കവചമാക്കി മറ്റു പാർട്ടികളെ വനിതാ വിരുദ്ധരായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിച്ചത്. 2023-ൽ വനിതാ സംവരണത്തെ എല്ലാവരും പിന്തുണച്ചതാണ്. സംവരണം ഇപ്പോൾ തന്നെ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം. അങ്ങനെയാണെങ്കിൽ പ്രതിപക്ഷം പിന്തുണയ്ക്കാം,” പ്രിയങ്ക പറഞ്ഞു. ബിൽ പരാജയപ്പെട്ടത് ബിജെപിക്ക് വലിയൊരു ഷോക്കാണെന്നും നേതാക്കളുടെ മുഖത്ത് ആ നിരാശ വ്യക്തമാണെന്നും അവർ പരിഹസിച്ചു. ഒബിസി സംവരണം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും പ്രിയങ്ക അറിയിച്ചു.

മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് ലോക്സഭയിൽ ബിൽ പരാജയപ്പെട്ടത്. വോട്ട് ചെയ്ത 489 അംഗങ്ങളിൽ 278 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ 211 പേർ എതിർത്തു. ഭരണഘടനാ ഭേദഗതി പാസാകാൻ 360 പേരുടെ പിന്തുണ ആവശ്യമായിരുന്നു. നിലവിൽ എൻഡിഎ സഖ്യത്തിന് ലോക്സഭയിൽ 293 അംഗങ്ങൾ മാത്രമാണുള്ളത്. ആവശ്യമായ 360 തികയ്ക്കാൻ 67 സീറ്റുകളുടെ കുറവാണ് ഭരണപക്ഷത്തിനുണ്ടായിരുന്നത്.

ബിൽ വിജയിച്ചിരുന്നെങ്കിൽ രാജ്യം വലിയ ബുദ്ധിമുട്ടുകൾ നേരിടുമായിരുന്നുവെന്നും സത്യം തിരിച്ചറിഞ്ഞ് രാജ്യം ഉണർന്നു കഴിഞ്ഞുവെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു. സർക്കാരിന് തിരിച്ചടിയേറ്റ ഈ കറുത്ത ദിനം പ്രതിപക്ഷത്തിന് രാഷ്ട്രീയമായി വലിയ ഊർജ്ജമാണ് നൽകുന്നത്.

Related Articles

Back to top button