മുഖ്യമന്ത്രി ചർച്ച സ്വാഭാവികം…. പുതിയ പത്രക്കാർക്ക് പാരമ്പര്യമില്ലാത്തതുകൊണ്ടാണെന്ന് കെ. സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാകുന്നത് സ്വാഭാവികമെന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ. ഇത്തരം ചർച്ചകൾ പാർട്ടിയുടെ രീതിയാണെന്നും ഇതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ.സി. വേണുഗോപാലിനെ പ്രശംസിച്ചുകൊണ്ട് സുധാകരൻ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചയായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. കോൺഗ്രസ് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന പാർട്ടിയാണ്. പാർട്ടിക്കുള്ളിൽ വ്യക്തികളല്ല, മറിച്ച് പാർട്ടിയാണ് ചർച്ചകൾ നടത്തുന്നത്. അന്തിമ തീരുമാനം എടുക്കുന്നത് വരെ ആർക്കും അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നത് അത്ഭുതമാണോ എന്നായിരുന്നു മാധ്യമങ്ങളോടുള്ള സുധാകരന്റെ ചോദ്യം. കേരളത്തിൽ മുൻപും ഇത്തരം കീഴ്വഴക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ പാരമ്പര്യമില്ലാത്ത പുതിയ പത്രക്കാർക്കാണ് ഇതിൽ അത്ഭുതം തോന്നുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ഈ ചർച്ചകൾ പാർട്ടിയെ ക്ഷീണിപ്പിക്കുമോ എന്ന ചോദ്യം അദ്ദേഹം തള്ളി. പാർട്ടി കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അന്തിമ തീരുമാനം പാർട്ടി ഹൈക്കമാൻഡ് ആണ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു. സ്ഥാനാർത്ഥി നിർണ്ണയവും തിരഞ്ഞെടുപ്പ് ഫലവും കാത്തുനിൽക്കാതെ തന്നെ കോൺഗ്രസ് ക്യാമ്പുകളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുകയാണ്. കെ. സുധാകരന്റെ ഈ പരസ്യ പിന്തുണ ഗ്രൂപ്പ് പോരുകൾക്ക് പുതിയ മാനം നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Related Articles

Back to top button