മണ്ഡല പുനർനിർണയ ബിൽ ഏകപക്ഷീയതയുടെ പുതിയ രൂപം; പി.എ മുഹമ്മദ് റിയാസ്

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ പോകുന്ന മണ്ഡല പുനർനിർണയ ബിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വലിയൊരു ഭീഷണിയാണ്. സംസ്ഥാനങ്ങളുമായി യാതൊരു ഗൗരവമായ കൂടിയാലോചനയുമില്ലാതെ കേന്ദ്ര സർക്കാർ ഈ ബിൽ മുന്നോട്ട് കൊണ്ടുവരുന്നത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. വനിതാ സംവരണ ബില്ലിന്റെ മറവിൽ ഇത്തരമൊരു നിർണായക തീരുമാനം പാസാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.
2011 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താനുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും ബാധിക്കുന്നതാണ്. ജനസംഖ്യ നിയന്ത്രണത്തിൽ മുന്നിട്ടുനിന്ന കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന തരത്തിലാണ് ഈ നീക്കം. ജനസംഖ്യ നിയന്ത്രണത്തിൽ പിന്നാക്കം നിന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുകയും, നേട്ടം കൈവരിച്ച സംസ്ഥാനങ്ങൾക്ക് കുറവ് വരുത്തുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്. രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും സംരക്ഷിക്കേണ്ട സമയമാണിത്. എല്ലാ സംസ്ഥാനങ്ങളുമായും സമവായത്തിലൂടെയും ചർച്ചകളിലൂടെയും മാത്രമേ ഇത്തരത്തിലുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാവൂ.ഈ അനീതിക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.



