തർക്കത്തെ തുടർന്ന് രാത്രി വീടുവിട്ടിറങ്ങി; രണ്ട് ദിവസമായിട്ടും തിരികെ എത്തിയില്ല, 56-കാരി..

തമിഴ്നാട്ടിൽ കടുവയുടെ ആക്രമണത്തിൽ 56കാരി കൊല്ലപ്പെട്ടു. ഹനുമാപുരം സ്വദേശി പാർവതിയാണ് കൊല്ലപ്പെട്ടത്. തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീ വനപ്രദേശത്ത് കൂടി നടക്കുമ്പോളായിരുന്നു സംഭവം. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. പാർവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്.
മകനും മരുമകളോടൊപ്പമാണ് താമസിക്കുന്നത്. ഏപ്രിൽ 11-ന് രാത്രി വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി. രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കൾ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. തിരച്ചിലിൽ ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ ചന്ദ്രപൂർ സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച കടുവയുടെ ആക്രമണത്തിൽ 65 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടു. മഹുവ പൂക്കൾ ശേഖരിക്കുന്നതിനിടെ വച്ചാല ഈശ്വർ വാദ്ഗുരെ എന്ന സ്ത്രീയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദൃക്‌സാക്ഷികൾ പറഞ്ഞതനുസരിച്ച്, കടുവ സ്ത്രീയുടെ കഴുത്തിൽ പിടിച്ച് കുറച്ചു ദൂരം വലിച്ചിഴച്ചു. ഗ്രാമവാസികൾ ഇടപെടാൻ ശ്രമിച്ചെങ്കിലും സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു.



