18 വയസുകാരനെ തിരമാലയിൽപ്പെട്ട് കാണാതായി; സുരക്ഷാ സംവിധാനങ്ങളില്ലെന്ന് നാട്ടുകാർ

കുടുംബത്തോടൊപ്പം ബീച്ചിൽ സമയം ചെലവഴിക്കാനെത്തിയ പതിനെട്ടുകാരൻ തിരമാലയിൽപ്പെട്ട് കടലിൽ കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശികളായ ഉമറുൽ ഫാറൂഖ്-റസീന ദമ്പതികളുടെ മകൻ മുഹമ്മദ് സൈനുൽ ആബിദിനെയാണ് ബുധനാഴ്ച വൈകുന്നേരത്തോടെ കുണ്ടുകുളുക്കെ ബീച്ചിൽ വെച്ച് കാണാതായത്.
കടൽത്തീരത്ത് കളിച്ചു കൊണ്ടിരുന്ന സൈനുൽ ആബിദ് അപ്രതീക്ഷിതമായി വന്ന ശക്തമായ തിരമാലകളിൽപ്പെട്ട് കടലിലേക്ക് മുങ്ങിപ്പോകുകയായിരുന്നു. അപകടം നടന്നയുടനെ നാട്ടുകാരും മഞ്ചേശ്വരം പോലീസും തീരദേശ സുരക്ഷാ സേനയിലെ അംഗങ്ങളും ചേർന്ന് കടലിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അവധി ആഘോഷിക്കാനായി കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിനംപ്രതി എത്തുന്ന കുണ്ടുകുളുക്കെ ബീച്ചിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലായെന്ന് നാട്ടുകാർ പറയുന്നു. മുൻപും ഈ ഭാഗത്ത് സമാനമായ രീതിയിലുള്ള അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.



