ലൈംഗികമായി പീഡിപ്പിച്ചശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി…12 വയസ്സുകാരി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ

12 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ വാർധ ജില്ലയിലാണ് സംഭവം. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് രക്തക്കറ പുരണ്ട കല്ല് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് വാർധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ അറിയിച്ചു. മരണകാരണം സ്ഥിരീകരിക്കാൻ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകം, ബലാത്സംഗം, അതിക്രമിച്ച് കയറ്റം എന്നിവയുൾപ്പെടെയുള്ള ഭാരതീയ ന്യായ സംഹിത വകുപ്പുകളും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി ആദ്യം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന രാഹുൽ രാജു മഡാവി (30)യെ അറസ്റ്റ് ചെയ്തു. കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ 14 പ്രത്യേക പൊലീസ് സംഘങ്ങളെയും ഒരു പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയർ ശക്തമായി അപലപിച്ചു. കുറ്റക്കാർക്കെതിരെ അതിവേഗ നടപടി സ്വീകരിക്കുമെന്നും നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയപ്പോൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം ശക്തമായി. മൃതദേഹവുമായി പോയ ആംബുലൻസിനെ പിന്തുടർന്ന് എത്തിയ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം സംഘടിപ്പിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രതിക്ക് വധശിക്ഷ നൽകണമെന്നും കേസ് അതിവേഗ കോടതിയിൽ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഗ്രാമത്തിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button