കേരളത്തിൽ നിലംതൊടില്ലെന്ന് ബിജെപി

വൻതോതിൽ ആളും അർഥവും ഒഴുക്കി പ്രചാരണം നടത്തിയിട്ടും ഇത്തവണയും കേരള നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് പാർട്ടി കോർ കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുമ്പ് വിജയസാധ്യത കൽപ്പിച്ചിരുന്ന മഞ്ചേശ്വരം, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ പോലും ഇത്തവണ വിജയം ഉറപ്പിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് നേതൃത്വം. പുറമെ 11 സീറ്റുകളിൽ സാധ്യതയുണ്ടെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഉൾപ്പാർട്ടി ചർച്ചകളിൽ കടുത്ത ആശങ്കയാണ് ഉയരുന്നത്.
വോട്ട് ബാങ്കുകളിലെ മാറ്റമാണ് ബിജെപിയുടെ പ്രതീക്ഷകൾക്ക് പ്രധാനമായും തിരിച്ചടിയായത്. മുസ്‌ലിം വോട്ടുകൾ യുഡിഎഫിന് അനുകൂലമായി വലിയ തോതിൽ ഏകീകരിക്കപ്പെട്ടതും ക്രൈസ്തവ വോട്ടുകൾ പ്രതീക്ഷിച്ച രീതിയിൽ സമാഹരിക്കാൻ കഴിയാത്തതും തിരിച്ചടിയായതായി പാർട്ടി വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഈ ധ്രുവീകരണം ബിജെപിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.



