കൊല്ലത്ത് മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്… നാടോടി യുവതിക്ക് അഞ്ച് വർഷം തടവും പിഴയും…. നിർണ്ണായകമായത് കണ്ടക്ടറുടെ ഇടപെടൽ

കൊല്ലം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്‌നാട് സ്വദേശിനി ദേവിക്ക് (35) അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സംഭവത്തിൽ അതിവേഗമാണ് കോടതി വിധി പുറപ്പെടുവിച്ചത്.

കൊല്ലം ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കോയമ്പത്തൂർ സ്വദേശിനിയായ ദേവി കടത്തിക്കൊണ്ടുപോയത്. അടൂരിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറിയ ദേവിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കണ്ടക്ടർ അനീഷ് ഇടപെടുകയായിരുന്നു. ബസിൽ വെച്ച് കുട്ടി കണ്ടക്ടറുടെ കാലിൽ മുറുകെ പിടിച്ചതും സംശയം വർദ്ധിപ്പിച്ചു.

ദേവിക്ക് തമിഴ് മാത്രമേ അറിയൂ എന്നിരിക്കെ കുട്ടി മലയാളത്തിൽ സംസാരിച്ചത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ബസ് പന്തളം പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകൽ വിവരം പുറത്തായത്. ഇതിനിടെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ സമയോചിതമായ ഏകോപനം കുഞ്ഞിനെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചു.

Related Articles

Back to top button