അഞ്ചരക്കണ്ടി കോളജിന് വൻ തിരിച്ചടി… മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി… ഭൂമി തിരിച്ചെടുക്കാൻ ലാൻഡ് ബോർഡ് ഉത്തരവ്

കണ്ണൂർ: ചട്ടങ്ങൾ ലംഘിച്ച് ഭൂമി കൈവശം വച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി. കോളജ് സ്ഥിതി ചെയ്യുന്ന ഭൂമി നിയമവിരുദ്ധമായി കൈവശം വച്ചതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡാണ് നിർണ്ണായക ഉത്തരവിട്ടത്.
പ്ലാന്റേഷൻ ഭൂമിയിൽ മുൻകൂർ അനുമതിയില്ലാതെ കെട്ടിടങ്ങൾ നിർമ്മിച്ചുവെന്നതാണ് പ്രധാന കണ്ടെത്തൽ. ഇത് കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ലംഘനമാണെന്ന് ബോർഡ് വ്യക്തമാക്കി. 1964-ന് ശേഷമുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും റദ്ദാക്കി. അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഭൂമി ഇനി സർക്കാർ ഏറ്റെടുക്കും. ഇതോടെ ഉടമ ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഈ ഭൂമിയിലുള്ള നിയമപരമായ എല്ലാ അവകാശങ്ങളും ഇല്ലാതായി. വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പ്രതിസന്ധിയിലായിരിക്കെയാണ് ഭൂമി ഇടപാടിലും മാനേജ്‌മെന്റിന് കനത്ത പ്രഹരമേൽക്കുന്നത്.



