“ആരൊക്കെ തളർത്തിയാലും ഞാൻ ഡോക്ടറാകും”…. നിതിൻ രാജിന്റെ ഓഡിയോ സന്ദേശം പുറത്ത്

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മവിശ്വാസം തുടിക്കുന്ന ശബ്ദരേഖകൾ പുറത്ത്. കടുത്ത മാനസിക പീഡനങ്ങൾക്കിടയിലും പഠിച്ച് ഡോക്ടറാകണമെന്ന നിതിന്റെ ഉറച്ച തീരുമാനമാണ് ഓഡിയോയിലുള്ളത്. അതേസമയം, വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കുറ്റാരോപിതനായ അധ്യാപകൻ ഡോ. എം.കെ. റാമിനെ പുറത്താക്കാൻ കോളജ് മാനേജ്‌മെന്റ് തീരുമാനിച്ചു.

“എനിക്ക് പഠിക്കണം, ബിരുദമെടുക്കണം, ഡോക്ടറായി ഇറങ്ങണം. അതിപ്പോൾ ആരൊക്കെ തളർത്താനുണ്ടെങ്കിലും പഠിച്ചിറങ്ങാൻ മനസ്സുണ്ടെങ്കിൽ അത് നേടിയെടുത്തിരിക്കും” എന്നാണ് നിതിൻ സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറയുന്നത്. ഡിപ്പാർട്ട്‌മെന്റിനെതിരെ ധാരാളം പരാതികളുണ്ടെന്നും മാനസികമായി തളർത്തുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ഒരു അധ്യാപകൻ തനിക്ക് ധൈര്യം നൽകിയെന്നും നിതിൻ വ്യക്തമാക്കുന്നുണ്ട്.

എട്ട് അധ്യാപകർക്കെതിരെ വിദ്യാർത്ഥികൾ മാനേജ്‌മെന്റിന് പരാതി നൽകാനൊരുങ്ങുകയാണ്. ഇതിനായി വാട്സാപ്പ് ഗ്രൂപ്പുകളിൽ നടത്തിയ പോളിംഗിൽ ഒരു അധ്യാപകനെതിരെ മുന്നൂറോളം പേരും മറ്റ് രണ്ട് പേർക്കെതിരെ നൂറിലധികം പേരും വോട്ട് രേഖപ്പെടുത്തി. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്ന ഡോ. എം.കെ. റാമിനെ പുറത്താക്കാനുള്ള തീരുമാനം മാനേജ്‌മെന്റ് ഉടൻ പ്രഖ്യാപിക്കും.

Related Articles

Back to top button