തനിച്ച് താമസിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അരുംകൊല; മൂന്ന് സംസ്ഥാനങ്ങളിലായി കൊലപ്പെടുത്തിയത് 21 പേരെ; ഒടുവിൽ…

മൂന്ന് സംസ്ഥാനങ്ങളിലായി ഇരുപത്തിയൊന്നു പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഒടുവിൽ തിരുപ്പതിയിൽ ആന്ധ്രാപ്രദേശ് പോലീസിന്റെ പിടിയിൽ. വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന കർണാടക സ്വദേശി അബ്ദുൽ അസീസ് എന്ന പി. വിശ്വനാഥാണ് (പ്രശാന്ത്) പിടിയിലായത്. ഇയാളുടെ സഹായിയായ രാജമ്മ എന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 21 കേസുകളിൽ പ്രതിയായ ഇയാൾ വർഷങ്ങളായി ഒളിവിലായിരുന്നു. തനിച്ച് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യംവെക്കുകയും അവരുമായി സൗഹൃദംസ്ഥാപിച്ച് വിശ്വാസം നേടിയെടുത്തശേഷം ക്രൂരമായി കൊലപ്പെടുത്തി സ്വർണാഭരണങ്ങളുമായി കടന്നുകളയുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ആന്ധ്രാപ്രദേശിൽ 11 കേസുകളിലും കർണാടകയിൽ നാല് കേസുകളിലും പ്രതിയാണ് ഇയാൾ.
2018-ൽ കേരളത്തിൽ നടന്ന ഒരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട അസീസ്, കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. അന്നുമുതൽ കേരള പോലീസിന്റെ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിൽ അസീസുണ്ട്. ഇതേത്തുടർന്ന് ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേരള പോലീസ് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കേരളത്തിൽ മാത്രം ആറ് കേസുകളിൽ അസീസ് പ്രതിയാണ്. കേരളത്തിൽനിന്ന് രക്ഷപ്പെട്ട ശേഷം കർണാടകയിലെ ഗുൽബർഗയിൽ ‘വിശ്വനാഥ്’ എന്ന പേരിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഇതേ പേരിൽ വ്യാജ ആധാർ കാർഡും നിർമിച്ചു. ഇത്ഉപയോഗിച്ച് തിരുപ്പതിയിലെ ഹോട്ടലുകളിൽ ജോലിചെയ്തും ഓട്ടോ ഡ്രൈവറായും വേഷം മാറിയാണ് ഇയാൾ ജീവിച്ചുപോന്നത്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ തിരുപ്പതി ജില്ലയിൽ തിരുച്ചാനൂർ, രാമചന്ദ്രപുരം, പിച്ചാട്ടൂർ മേഖലകളിലായി നാല് കൊലപാതകങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾക്കായി ഇയാൾ ഒരു ഓട്ടോറിക്ഷയും ഉപയോഗിച്ചിരുന്നു. രാമചന്ദ്രപുരത്ത് നടന്ന കൊലപാതകക്കേസിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെക്കുറിച്ചും ഓട്ടോറിക്ഷയെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചത്. പിന്നീട് ഇയാളെ തിരുപ്പതിയിൽനിന്ന് പിടികൂടുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിലാണ് പ്രതിയേക്കുറിച്ചുള്ള യഥാർഥ വിവരങ്ങൾ വെളിപ്പെട്ടത്.
ദീർഘകാലമായി തെളിയാതെ കിടന്നിരുന്ന പല കൊലപാതകങ്ങൾക്കും കവർച്ചാ കേസുകൾക്കും ഇതോടെ അന്ത്യമായതായി തിരുപ്പതി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. പ്രതിയിൽനിന്ന് ഏകദേശം 127.5 ഗ്രാം സ്വർണാഭരണങ്ങളും വെള്ളിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന് പോലീസ് വകുപ്പ് പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെ കേരളത്തിലെത്തിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള നടപടികൾ കേരള പോലീസ് ആരംഭിച്ചിട്ടുണ്ട്.




