ശ്രീക്കുട്ടിക്ക് ഇനി ‘ഔഷധി’യുടെ കരുതൽ… സൗജന്യ ചികിത്സയ്ക്കായി നാളെ മാറ്റും…. തളരാത്ത പോരാട്ടത്തിന് കൈത്താങ്ങായി സർക്കാർ

തിരുവനന്തപുരം: വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സാ സഹായത്തിനായി ബുദ്ധിമുട്ടിയിരുന്ന ശ്രീക്കുട്ടിക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ. ശ്രീക്കുട്ടിയുടെ തുടർചികിത്സ നാളെ മുതൽ ഔഷധി ആശുപത്രിയിൽ ആരംഭിക്കും. ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് ശ്രീക്കുട്ടിയുടെ കുടുംബവുമായി സംസാരിക്കുകയും എല്ലാ ചികിത്സാ ചെലവുകളും ഔഷധി വഹിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

കഴിഞ്ഞ വർഷം നവംബറിൽ കേരള എക്‌സ്പ്രസിൽ വെച്ച് ലഹരിക്കടിമയായ സഹയാത്രികൻ പുറത്തേക്ക് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ് മലപ്പുറം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീക്കുട്ടിയുടെ ദയനീയാവസ്ഥ പുറംലോകത്തെ അറിയിച്ചത്. സർക്കാരിന്റെ സഹായമില്ലാതെ ചികിത്സയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ശ്രീക്കുട്ടി വേദനയോടെ വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് നേരിട്ട് ഇടപെടുകയായിരുന്നു. “ഔഷധി പഞ്ചകർമ്മ ആശുപത്രിയിലാണ് ശ്രീക്കുട്ടിയെ പ്രവേശിപ്പിക്കുക. അവളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഡോക്ടർമാരും വലിയ താൽപ്പര്യത്തോടെയാണ് ശ്രീക്കുട്ടിയെ കാത്തിരിക്കുന്നത്,” എന്ന് ശോഭന ജോർജ് പ്രതികരിച്ചു. ഔഷധിയുടെ ഈ തീരുമാനം വലിയ ആശ്വാസമാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയ പറഞ്ഞു. തളരാത്ത പോരാട്ടവീര്യവുമായി ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്ന ശ്രീക്കുട്ടിക്ക് ഈ കൈത്താങ്ങ് പുതിയ പ്രതീക്ഷയാണ് നൽകുന്നത്.

Related Articles

Back to top button