ചൈനയ്ക്ക് മേൽ 50% തീരുവ… ഇറാന് ആയുധം നൽകിയാൽ തിരിച്ചടി കടുക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാന് ആയുധങ്ങൾ കൈമാറാനുള്ള നീക്കത്തിൽ നിന്ന് ചൈന പിന്തിരിയണമെന്നും അല്ലാത്തപക്ഷം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം തീരുവ ചുമത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന് നൽകാൻ ചൈന തയ്യാറെടുക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെത്തുടർന്നാണ് ട്രംപിന്റെ ഈ കടുത്ത ഭീഷണി.
ചൈന ആയുധ കൈമാറ്റവുമായി മുന്നോട്ട് പോയാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ട്രംപ് വ്യക്തമാക്കി. 50% തീരുവ ചുമത്തുന്നത് ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകും. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന നിർത്തണം. പകരം അമേരിക്കയിൽ നിന്നോ വെനിസ്വേലയിൽ നിന്നോ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാനുള്ള സാഹചര്യം ഒരുക്കാമെന്നും ട്രംപ് നിർദ്ദേശിച്ചു. വെടിനിർത്തൽ സാഹചര്യം ആയുധങ്ങൾ ശേഖരിക്കാനാണ് ഇറാൻ ഉപയോഗിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.
ട്രംപിന്റെ ആരോപണങ്ങൾ ചൈന തള്ളി. സംഘർഷത്തിലെ ഒരു കക്ഷിക്കും തങ്ങൾ ആയുധം നൽകിയിട്ടില്ലെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി. അടുത്ത മാസം ട്രംപ് ചൈന സന്ദർശിക്കാനിരിക്കെ പുറത്തുവന്ന ഈ ഭീഷണി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



