പ്രായപൂര്‍ത്തിയാകാത്ത 163 ആണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമം… എട്ടുപേര്‍ അറസ്റ്റില്‍

ബിഹാറിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടത്താൻ ശ്രമിച്ച 163 പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്നി റെയിൽവേ സ്റ്റേഷനിൽ വെച്ച് പട്ന-പൂർണ എക്സ്പ്രസിൽ നിന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഗവൺമെന്റ് റെയിൽവേ പോലീസും ചേർന്ന് കുട്ടികളെ മോചിപ്പിച്ചത്. സംഭവത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ രഹസ്യവിവരത്തെത്തുടർന്നാണ് ശനിയാഴ്ച രാത്രി ട്രെയിനിൽ പരിശോധന നടത്തിയത്. ആറ് മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ബിഹാറിലെ അരാരിയ മേഖലയിൽ നിന്നുള്ള ഇവരെ മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് ജോലിക്കായി കൊണ്ടുപോകുകയായിരുന്നുവെന്ന് ആർപിഎഫ് ഇൻസ്പെക്ടർ വീരേന്ദ്ര സിംഗ് അറിയിച്ചു.

സാധുവായ ടിക്കറ്റുകളോ മറ്റു യാത്രാ രേഖകളോ ഇല്ലാതെയാണ് പ്രതികൾ കുട്ടികളുമായി യാത്ര ചെയ്തിരുന്നത്. രക്ഷപ്പെടുത്തിയ കുട്ടികളെ നിലവിൽ ചൈൽഡ് ലൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button