ഇതാ വരുന്നു, അധികാരത്തിൽ കയറും…; ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയെന്ന് സിപിഎം നേതാവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്. ഈ പിരിവ് മേയ് നാലുവരെ തുടരും. ഏപ്രിൽ ഒമ്പത് മുതൽ മേയ് നാലുവരെ ഭരണപക്ഷം പോലെ യുഡിഎഫ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുമെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ അവകാശവാദത്തിന് പിന്നിലുള്ള പ്രധാന കാരണം ഫണ്ട് പിരിവാണ്. കഴിഞ്ഞ 10 കൊല്ലമായി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി എൽഡിഎഫ് ഫണ്ട് പിരിച്ചതിനേക്കാൾ കൂടുതൽ യുഡിഎഫ് പിരിക്കും. ഏപ്രിൽ ഒമ്പത് മുതൽ മെയ് നാലിനുള്ളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് മെഗാ ഫണ്ട് കളക്ഷൻ നടത്തും. അതിന്റെ ഭാഗമായി ഇതാ വരുന്നു, അധികാരത്തിൽ കയറും, ജയിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. എന്നാൽ എൽഡിഎഫിന്റെ ഭരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



