നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം…. ഇനി മുതൽ 2 വയസ് വരെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പുകൾ നൽകുന്നത് നിയന്ത്രിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും (DCGI) കർശന നടപടി സ്വീകരിക്കുന്നു. ഇത്തരം മരുന്നുകൾ ചെറിയ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. യാതൊരു കാരണവശാലും ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ചുമയ്ക്കുള്ള മരുന്നുകൾ നൽകാൻ പാടില്ല. ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഫാർമസിസ്റ്റുകൾ ഇത്തരം മരുന്നുകൾ വിതരണം ചെയ്യരുത്. അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കും കഫ് സിറപ്പുകൾ നൽകുന്നത് അഭികാമ്യമല്ല. അനിവാര്യമായ ഘട്ടങ്ങളിൽ മാത്രം ഡോക്ടറുടെ കർശന മേൽനോട്ടത്തിൽ മാത്രമേ നൽകാവൂ. മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരണപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. ‘കോൾഡ്രിഫ്’ പോലുള്ള ചില സിറപ്പുകളിൽ മാരകമായ ഡൈതലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം കണ്ടെത്തിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളിലെ സാധാരണ ചുമയും ജലദോഷവും വിശ്രമത്തിലൂടെയും ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും തനിയെ മാറുന്നവയാണ്. അനാവശ്യമായി മരുന്നുകൾ നൽകുന്നത് ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുമുള്ള സുപ്രധാന നീക്കമായാണ് ഈ നിയന്ത്രണത്തെ വിദഗ്ധർ വിലയിരുത്തുന്നത്.



