കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം… 23 മണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലം

മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരൻ ഭാഗീരഥിനെ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രി ഉജ്ജയിനിൽ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 23 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാജസ്ഥാൻ സ്വദേശിയായ പ്രവീൺ ദേവ്‌സിയുടെ മകനാണ് മരിച്ച ഭാഗീരഥ്.
200 അടി താഴ്ചയുള്ള കിണറിന്റെ ഏകദേശം 75 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. കിണറിനുള്ളിൽ വെള്ളമുണ്ടായിരുന്നത് സ്ഥിതി സങ്കീർണ്ണമാക്കി. സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമം പാറക്കെട്ടുകൾ കാരണം പരാജയപ്പെട്ടു. ഇതോടെ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ അത്യാധുനിക ഉപകരണങ്ങളും ഇരുമ്പ് വടികളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മണിക്കൂറുകൾക്ക് മുൻപേ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വെള്ളത്തിൽ വീണതിനെത്തുടർന്നുള്ള മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താമസസ്ഥലത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.



