രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു

ലൈംഗികാതിക്രമ കേസിൽ നിയമനടപടി നേരിടുന്ന സംവിധായകൻ രഞ്ജിത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ജോയ് മാത്യു രംഗത്ത്. രഞ്ജിത്ത് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പോലും സുഹൃത്ത് എന്ന നിലയിൽ താൻ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മലാപ്പറമ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രഞ്ജിത്ത് എന്റെ അടുത്ത കൂട്ടുകാരനാണ്. കേസിൽ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയത്തിന് ഉപരി സൗഹൃദത്തിന് വിലകൽപ്പിക്കുന്നു. കൂടെയുള്ളവരെ ചതിക്കാൻ മടി കാട്ടാത്തവരാണ് സിപിഎം. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് മുഖം രക്ഷിക്കാനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെ’ന്നും അദ്ദേഹം പറഞ്ഞു.
‘അതിജീവിതയോടൊപ്പം എന്ന് പറയാൻ എളുപ്പമാണ്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയില്ല. നടിമാർ പരാതി കൊടുത്താൽ കേസെടുക്കും. പക്ഷേ മറുഭാഗത്തുള്ള വ്യക്തിയുടെ വാദം കേൾക്കാനോ ന്യായം കേൾക്കാനോ കോടതി സമയം നൽകുന്നില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതികൾപോലും പൂഴ്ത്തിവച്ച സംഭവങ്ങളുണ്ട്. രഞ്ജിത്തിനെതിരെ അങ്ങനെയല്ല. ഉടനടി നടപടി എടുത്തു. സർക്കാരിന്റെ മുഖം രക്ഷിക്കാനായിരുന്നു ഈ നടപടിയെന്ന് ജോയ് മാത്യു കുറ്റപ്പെടുത്തി.
“രഞ്ജിത്ത് പറഞ്ഞത് ഞാൻ കേട്ടിട്ടില്ല. രഞ്ജിത്ത് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും അവൻ എന്റെ കൂടെപ്പിറപ്പിനെ പോലെയാണ്. സുഹൃത്ത് ഒരു തെറ്റ് ചെയ്തെന്നു പറഞ്ഞ് പടിയടച്ച് പിണ്ഡം വയ്ക്കാനാകില്ല. തെറ്റ് പറ്റിയെങ്കിൽ അവനോട് പൊറുക്കാനും ചേർത്ത് നിർത്താനും ഞാൻ തയാറാണ്. അല്ലാതെ എല്ലാവരെയും പോലെ അതിജീവിതയോടൊപ്പം എന്ന് പറയാനാകില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റുകാരൻ തന്നെയാണ്”



