‘വീട്ടിലെ വോട്ട്’ പട്ടികയിൽ പേര്, വയോധിക അറിഞ്ഞത് ബൂത്തിലെത്തിയപ്പോൾ, പക്ഷേ അതും ആരോ കള്ളവോട്ടിട്ടു?

ഒറ്റപ്പാലത്ത് വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപണം. വോട്ട് ചെയ്യാൻ ബൂത്തിലെത്തിയ പുത്തൻവീട്ടിൽ കുഞ്ഞിലക്ഷ്മി എന്ന വയോധികയ്ക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ‘വീട്ടിലെ വോട്ട്’പദ്ധതിയിലൂടെ കുഞ്ഞിലക്ഷ്മിയുടെ വോട്ട് നേരത്തേ തന്നെ രേഖപ്പെടുത്തി എന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. എന്നാൽ തന്റെ അറിവോടെയല്ല വീട്ടിലെ വോട്ട് പട്ടികയിൽ ഉൾപ്പെട്ടതെന്നും അതിനായി അപേക്ഷ നൽകിയിരുന്നില്ലെന്നും കുഞ്ഞിലക്ഷ്മി പറഞ്ഞു. തന്റെ പേരിൽ മറ്റാരോ വോട്ട് ചെയ്തെന്നും വയോധിക ആരോപിച്ചു.
വരോട് 137ാം നമ്പർ ബൂത്തിലാണ് സംഭവം. രണ്ടര മണിക്കൂറോളം കുഞ്ഞിലക്ഷ്മി പോളിംഗ് ബൂത്തിൽ കാത്തുനിന്നെങ്കിലും വോട്ട് ചെയ്യാനാകാഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. വോട്ട് ചെയ്യാൻ കഴിയാത്തതിന്റെ കാരണം രേഖാമൂലം എഴുതി നൽകണമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. ഒടുവിൽ വീട്ടിലെ വോട്ട് പട്ടികയിൽ ഉൾപ്പെട്ടതിനാൽ ബൂത്തിൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം എഴുതി നൽകി. ഇതോടെ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി.



