കൊല്ലത്ത് വ്യാജ പാസ് ഉപയോഗിച്ച് അനധികൃതമായി മണ്ണ് കടത്തി; ലോറി ഉൾപ്പടെ യുവാക്കൾ പിടിയിൽ

കൊല്ലത്ത് വ്യാജ പാസ് ഉപയോഗിച്ച് അനധികൃതമായി മണ്ണ് കടത്തിയ യുവാക്കൾ പിടിയിൽ. പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലായിരുന്നു വ്യാജ പാസ് ഉപയോഗിച്ച് യുവാക്കൾ മണ്ണ് കടത്തിയത്. സംഭവത്തിൽ 3 ലോറികളാണ് ശൂരനാട് പോലീസ് പിടികൂടിയത്. പ്രദേശത്ത് മണ്ണ് മാഫിയകൾ സജീവമാണെന്ന് പൊലീസ് പറഞ്ഞു.
കൊടുമൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീലും ഒപ്പും പതിപ്പിച്ച വ്യാജ പാസ് ഉപയോഗിച്ച് കരമണ്ണ് കടത്തിയ 3 ലോറികളാണ് ശൂരനാട് പോലീസ് പിടികൂടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശൂരനാട് കെ.സി.റ്റി മുക്കിൽ നടന്ന വാഹന പരിശോധനയിലാണ് ലോറികൾ പിടിയിലായത്. 3 പേരെ അറസ്റ്റ് ചെയ്തു.
പോരുവഴി ഇടയ്ക്കാട് സിദ്ധാർത്ഥ ഭവനത്തിൽ അഖിൽ സിദ്ധാർത്ഥ്, പോരുവഴി ഇടയ്ക്കാട് സജി നിവാസിൽ അഭിദേവ് എന്നീ വാഹന ഉടമകളെയും, തൊടിയൂർ ഐക്കരവിളയിൽ സഞ്ജു, പതാരം രതീഷ് ഭവനിൽ രതീഷ്, തെങ്ങമം പ്ലാവിളയിൽ വീട്ടിൽ രതീഷ് എന്നിവരെയും പ്രതികളാക്കിയാണ് കേസെടുത്തത്. രണ്ട് പേർക്കായി അന്വേഷണം ആരംഭിച്ചു.
വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്ന മാഫിയ പ്രദേശങ്ങളിൽ സജീവമാണ്. അതിനാൽ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. ശൂരനാട് എസ്എച്ച്ഒ എസ്. ശ്രീകുമാർ എസ്.ഐ പ്രശാന്ത്, സി.പി.ഒ അരുൺരാജ്, വി.ബിജു എന്നിവരുൾപ്പട്ട സംഘമാണ് ലോറികൾ പിടികൂടിയത്.
ഈ വർഷം ഫെബ്രുവരിയിൽ മണ്ണെടുക്കേണ്ട പുരയിടത്തിൻ്റെ പാസ്സ് ഉപയോഗിച്ച് മറ്റൊരു വസ്തുവിൽ നിന്നും മണ്ണ് ഇടിച്ചു കടത്തി എന്ന വാർത്ത കിളിമാനൂരിൽ മണ്ണ് മാഹിയയുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നു. ഈ പാസ്സ് ഉപയോഗിച്ചുകൊണ്ടാണ് തൊട്ട് അപ്പുറത്തെ വസ്തുവിൽ നിന്നും പഞ്ചായത്തിനെയും പോലീസിനെയും ജിയോളജിയേയും കബളിപ്പിച്ച് അനധികൃത മണ്ണ് കൊള്ള നടത്തിയത്.



