പോളിംഗിൽ അസം മുന്നിൽ…. തൊട്ടുപിന്നാലെ പുതുച്ചേരിയും കേരളവും…. തിരഞ്ഞെടുപ്പ് ചൂടിൽ മൂന്ന് സംസ്ഥാനങ്ങൾ

കേരളം ഉൾപ്പെടെയുള്ള മൂന്ന് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പകുതി പിന്നിടുമ്പോൾ ജനങ്ങൾ ആവേശത്തോടെ ബൂത്തുകളിലേക്ക് ഒഴുകുന്നു. ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 49.70 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് ആരംഭിച്ച മൂന്ന് സംസ്ഥാനങ്ങളിൽ അസമിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ പുതുച്ചേരിയും കേരളവും ഉയർന്ന പോളിംഗ് വർദ്ധനവാണ് രേഖപ്പെടുത്തിയത്.
രാവിലെ 11 മണിക്ക് കേരളത്തിൽ 33.28 ശതമാനമായിരുന്നു പോളിംഗ്. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ 16 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ അവഗണിച്ചും വോട്ടർമാർ കൂട്ടത്തോടെ എത്തുന്ന കാഴ്ചയാണ് മിക്ക മണ്ഡലങ്ങളിലും കാണുന്നത്. വടക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും പല ബൂത്തുകളിലും ഇപ്പോഴും നീണ്ട ക്യൂ തുടരുകയാണ്.
സംസ്ഥാനങ്ങളിലെ പോളിംഗ് വിവരങ്ങൾ….
കേരളം
കേരളത്തിൽ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുന്നത് 2.6 കോടിയിലധികം വോട്ടർമാരാണ്. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത 2,69,53,644 വോട്ടർമാരിൽ 1,38,27,319 പേർ സ്ത്രീകളും 1,31,26,048 പേർ പുരുഷന്മാരുമാണ്. 277 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 4,24,518 പേർ 18-നും 19-നും ഇടയിൽ പ്രായമുള്ള കന്നിവോട്ടർമാരാണ്. 85 വയസ്സിന് മുകളിലുള്ള 2,04,608 വോട്ടർമാരുമുണ്ട്. സുരക്ഷിതമായ വോട്ടെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ചരിത്രപരമായ മൂന്നാം തുടർഭരണം ലക്ഷ്യമിടുമ്പോൾ, ഭരണവിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ശ്രമം.
അസം
അസമിൽ 126 അംഗ നിയമസഭയിലേക്ക് 2.5 കോടിയിലധികം വോട്ടർമാർക്കാണ് വോട്ടവകാശമുള്ളത്. 722 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 2,50,54,463 വോട്ടർമാരിൽ 1,25,31,552 പേർ പുരുഷന്മാരും 1,25,22,593 പേർ സ്ത്രീകളുമാണ്. 318 ട്രാൻസ്ജെൻഡർ വോട്ടർമാരും 63,423 സർവീസ് വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 6,42,314 പേർ 18-19 പ്രായത്തിലുള്ളവരും 2,50,006 പേർ 80 വയസ്സിന് മുകളിലുള്ളവരും 2,05,085 പേർ ഭിന്നശേഷിക്കാരുമാണ്.
പുതുച്ചേരി
പുതുച്ചേരിയിൽ 30 നിയമസഭാ സീറ്റുകളിലേക്ക് 10,14,070 വോട്ടർമാരാണ് വിധിയെഴുതുന്നത്. ഇതിൽ 5,39,125 പേർ സ്ത്രീകളും 4,74,788 പേർ പുരുഷന്മാരുമാണ്. 157 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 18-19 പ്രായപരിധിയിലുള്ള 24,156 വോട്ടർമാരും 85 വയസ്സിന് മുകളിലുള്ള 6,034 മുതിർന്ന പൗരന്മാരുമുണ്ട്. പുതുച്ചേരിയിൽ ഭരണകക്ഷിയായ എൻആർ കോൺഗ്രസ് നേതൃത്വം നൽകുന്ന എൻഡിഎയും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. നടൻ വിജയുടെ പാർട്ടിയും മത്സരരംഗത്തുണ്ട്.
തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി, കമ്മീഷൻ നിർദേശപ്രകാരം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 31,486 പ്രധാന പോളിംഗ് സ്റ്റേഷനുകളും നാല് ഓക്സിലറി പോളിംഗ് സ്റ്റേഷനുകളും ഉൾപ്പെടെ 31,490 ബൂത്തുകളിലും തത്സമയ നിരീക്ഷണമുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി 1,51,132 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 41,320 ബാലറ്റ് യൂണിറ്റുകളും 43,975 കൺട്രോൾ യൂണിറ്റുകളും 43,997 വിവിപാറ്റ് മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അധിക ഉദ്യോഗസ്ഥരെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ നേരിടാൻ കോൺഗ്രസ് ആറ് പാർട്ടികളുമായി സഖ്യം രൂപീകരിച്ചിട്ടുണ്ട്.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുന്നു. അസമിൽ വോട്ടർമാരുടെ വലിയ പങ്കാളിത്തമാണ് ആദ്യ മണിക്കൂറുകൾ മുതൽ പ്രകടമാകുന്നത്. മെയ് 4-നാണ് വിധി നിശ്ചയിക്കുന്ന വോട്ടെണ്ണൽ നടക്കുന്നത്.



