ഹോം ഡെലിവറി സ്റ്റൈലിൽ കഞ്ചാവ് വിതരണം…. 1.170 കിലോ കഞ്ചാവുമായി ഷംസുദ്ദീൻ പിടിയിൽ

മലപ്പുറം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തുന്ന കർശന പരിശോധനയിൽ കഞ്ചാവുമായി മഞ്ചേരി സ്വദേശി പിടിയിൽ. പൂക്കൊളത്തൂർ സ്വദേശി വളയക്കോട്ടിൽ വീട്ടിൽ ഷംസുദ്ദീനെയാണ് (50) മഞ്ചേരി റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. തൃപ്പനച്ചിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.

പ്രതിയുടെ പക്കൽ നിന്നും 1.170 കിലോഗ്രാം കഞ്ചാവും ഇത് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. നിരവധി നാർക്കോട്ടിക് കേസുകളിൽ ഇയാൾ നേരത്തെയും പ്രതിയാണ്. എക്സൈസിലും പോലീസിലും ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ഫോണിലൂടെ ആവശ്യക്കാരെ കണ്ടെത്തി സ്കൂട്ടറിൽ കഞ്ചാവ് നേരിട്ട് എത്തിച്ചു നൽകുന്നതാണ് ഇയാളുടെ ശൈലിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ലഹരി വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button