സാരിയും പണവും നൽകി ബിജെപി വോട്ട് വാങ്ങുന്നു…. കേരളത്തിൽ അട്ടിമറി നീക്കമെന്ന് വി.ഡി. സതീശൻ

കൊച്ചി: കേരളത്തിൽ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപി സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ തന്നെ പണവും സാരിയും കിറ്റുകളും വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ഇത് കേരളത്തിന് പരിചിതമല്ലാത്ത ഹീനമായ രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.
മറ്റ് പാർട്ടികൾ കൊട്ടിക്കലാശത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ബിജെപി പ്രവർത്തകർ വീടുകൾ കയറി സാരിയും പണവും വിതരണം ചെയ്തു. ഇതിനായി കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തുടനീളം ഒഴുക്കുന്നത്. സർവീസ് വോട്ടുകൾ ചെയ്യുന്നതിൽ അനാവശ്യമായ കാലതാമസം ഉണ്ടാകുന്നു. ബാലറ്റുകൾ പോലും സമയത്തിന് എത്തിക്കാൻ കഴിയാത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ ജാഗ്രത കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പറവൂരിൽ തനിക്കെതിരെ വ്യാജ നോട്ടീസുകൾ വിതരണം ചെയ്യുകയാണ്. സിപിഐഎമ്മും ഹീനമായ പ്രചാരണങ്ങളാണ് നടത്തുന്നത്.
വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കാൻ എം.വി. നികേഷ് കുമാർ ആരാണെന്ന് സതീശൻ ചോദിച്ചു. നികേഷ് എകെജി സെന്ററിലെ പ്യൂണിനോടോ അറ്റൻഡർമാരോടോ ചോദ്യം ചോദിച്ചാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു. നിയമവിരുദ്ധമായ ഈ പ്രവർത്തനങ്ങളെ നിയമപരമായി നേരിടുമെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ ജനങ്ങൾ ചെറുക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.



